സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം
മനുഷ്യരെ ഉൾക്കൊള്ളലാണ് രാഷ്ട്രീയം : ആബിദ് ഹുസൈൻ തങ്ങൾ.
മഞ്ചേരി : സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കി,അവരുടെ കൂടി ആശയങ്ങൾ ഉൾപ്പെടുത്തി മുന്നോട്ടു പോകുമ്പോഴാണ് ശരിയായ ജനാധിപത്യ രാഷ്ട്രീയം പുലരുക എന്ന് എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു. കൊരമ്പയിൽ അഹമ്മദ് ഹാജി സ്മാരക യൂണിറ്റി വനിതാ കോളേജിൽ സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .വിദ്യാർത്ഥി യൂണിയനുകൾ സാമൂഹിക പ്രക്രിയ മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സീതി സാഹിബും സി എച്ച് മുഹമ്മദ് കോയയും കൊരമ്പയിൽ അഹമ്മദ് ഹാജിയുമെല്ലാം വെട്ടിത്തെളിച്ച പാതയാണ് മലബാറിലെ സ്ത്രീവിദ്യാഭ്യാസത്തിന് ശക്തി പകർന്നത്. യൂണിറ്റി കോളേജ് അതിൻ്റെ പിന്തുടർച്ച നിലനിർത്തുന്നതിൽ അഭിമാനമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.ഫൈൻ ആർട്‌സ് ഉദ്ഘാടനം പ്രശസ്ത സൂഫി ഗായകനും ഗാനരചയിതാവുമായ സമീർ ബിൻസി നിർവഹിച്ചു. അനുകമ്പയും സാഹോദര്യവും വളർത്തിയെടുക്കലാണ് ദൈവത്തെയും അവനവനെയും കണ്ടെത്താനുള്ള വഴി എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഫൈൻ ആർട്‌സ് ലോഗോ - 'കലയൊലി ' പ്രകാശനം ചെയ്തു.
കോളേജിലെ സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് അഡ്വൈസർ ഫാത്തിമ സാജിദ സ്വാഗതവും ചെയർപേഴ്സൺ ഫിദ കെ അധ്യക്ഷ പ്രസംഗവും നടത്തി. "സെലിൻഡ" സ്റ്റുഡൻ്റ്സ് യൂണിയൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ (ഡോ).മുഹമ്മദ് ബഷീർ ഉമ്മത്തൂർ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എൽ.എ.അഡ്വ. യു.എ.ലത്തീഫ് ,കോളേജ് മാനേജർ എഞ്ചിനീയർ ഒ.അബ്ദുൾ അലി, പിടിഎ പ്രതിനിധി ശ്രീ. അൻവർ സാദത്ത്, സ്റ്റാഫ് ക്ലബ് പ്രസിഡൻ്റ് ഡോ. ആനി നൈനാൻ ഫൈൻ ആർട്‌സ് ഡയറക്ടർ ഡോ. ഹിക്മത്തുള്ള വി , എൻ.ടി.എസ് പ്രതിനിധി കണ്ണിയൻ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി ശ്രീമതി നുഹ റഷീദ് നന്ദി പറഞ്ഞു. ഔദ്യോഗിക പരിപാടിക്ക് ശേഷം ഗായകൻ എം.എൻ. സാകിയുടെ പ്രത്യേക സംഗീത പരിപാടിയും നടന്നു.